സംസ്ഥാന സർക്കാരിന്റെ പുതുക്കിയ ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.

0

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതുക്കിയ ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. നേരത്തെ ഐസക് അവതരിപ്പിച്ച ബഡ്ജറ്റ് തുടരുമെന്ന സൂചനയാണ് മന്ത്രി നൽകിയത്. പുതിയ നികുതി നിർദ്ദേശങ്ങളും ഉണ്ടാകും. നയപ്രഖ്യാപനത്തിൽ കൊവിഡ് നയത്തെക്കുറിച്ച് പറഞ്ഞില്ലെന്ന വിമർശനമുയർന്നതിനാൽ ചില പദ്ധതികളും പുതുതായി പ്രഖ്യാപിച്ചേക്കും.

രാവിലെ 9നാണ് ബഡ്ജറ്റ് അവതരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ആവർത്തിക്കുന്നുണ്ട്. മോട്ടോർവാഹന നികുതി, കെട്ടിട നികുതി, മദ്യം, പെട്രോൾ നികുതി, കെട്ടിട, ഭൂ നികുതികൾ എന്നിവയിൽ വർദ്ധനയുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.

കൊവിഡ് രണ്ടാം തരംഗത്തോടെ സംസ്ഥാനം നിശ്ചലമായത് ഇനിയുള്ള മാസങ്ങളിലെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കും. കൊവിഡ് മൂലമുള്ള ചെലവുകൾ കൂടും. വാക്സിനായി കൂടുതൽ പണം കണ്ടെത്തേണ്ടിവരും.

മദ്യത്തിന് കൊവിഡ് സെസ് ഏർപ്പെടുത്തിയേക്കും. 1000 കോടി രൂപയാണ് ലോക്ഡൗണിൽ മദ്യത്തിൽ നിന്നുള്ള ഒരു മാസത്തെ വരുമാന നഷ്ടം.
ഭൂമി ന്യായവിലയിലും 10 ശതമാനം വർദ്ധനയുണ്ടായേക്കും. സർക്കാർ ഓഫീസുകളിലെ സേവനങ്ങൾക്കുള്ള ഫീസും വർദ്ധിപ്പിച്ചേക്കും.

ചരക്ക്, സേവന നികുതികളിൽ ജി.എസ്.ടി കൗൺസിലാണ് തീരുമാനമെടുക്കുന്നത്. ജനറൽ സെയിൽ ടാക്സ് വിഭാഗത്തിൽ പെട്ട നികുതികളും നോൺ ടാക്സ് വിഭാഗത്തിൽ നിന്നുള്ള വരുമാനവും മാത്രമേ സംസ്ഥാനത്തിന് വർദ്ധിപ്പിക്കാൻ കഴിയൂ. ധനക്കമ്മി നികത്താനായി കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ച 19,890 കോടി രൂപയും അധിക വരുമാനമായി ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കും.

You might also like