ദൈവം ഉണ്ടെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണം: ഫ്രാന്‍സിസ് പാപ്പ

0

 

 

വത്തിക്കാന്‍ സിറ്റി: ദൈവം ഉണ്ടെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണമെന്നും അവിടുത്തോട് സ്വരമുയര്‍ത്തണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഞായറാഴ്ച (ജൂണ്‍ 21) ത്രികാല പ്രാർത്ഥനയ്ക്കു മുന്‍പ്, നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ലത്തീൻ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗമായ മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷത്തിലെ കൊടുങ്കാറ്റിനെയും തിരമാലകളെയും യേശു, ശാസിച്ച് ശാന്തമാക്കുന്ന സംഭവം ഉദ്ധരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. വാസ്തവത്തിൽ, വഞ്ചിയില്‍ യേശു ഉറങ്ങുകയാണെങ്കിലും, അവിടുന്ന് അവിടെയുണ്ട്, സംഭവിക്കുന്നവയിലെല്ലാം തന്‍റെ പ്രിയപ്പെട്ടവരുമൊത്ത് അവിടുന്ന് പങ്കുചേരുകയും ചെയ്യുന്നുവെന്ന് പാപ്പ ആമുഖമായി ഓര്‍മ്മിപ്പിച്ചു.

യേശുവിന്റെ ഉറക്കം ഒരു വശത്ത് നമ്മെ ആശ്ചര്യപ്പെടുത്തുമ്പോൾ, മറുവശത്ത് അത് നമ്മെ പരീക്ഷിക്കുകയാണ്. കർത്താവ് അവിടെയുണ്ട്; വാസ്തവത്തിൽ, നാം അവിടത്തെ അതിലുള്‍പ്പെടുത്താനും അവിടുത്തെ വിളിച്ചപേക്ഷിക്കാനും നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാനും അവിടുന്ന് കാത്തിരിക്കുകയാണ് എന്നു വേണമെങ്കില്‍ പറയാം. അവിടുത്തെ ഉറക്കം നാം ഉണര്‍ന്നിരിക്കാന്‍ കാരണമാകുന്നു. കാരണം, യേശുവിന്‍റെ ശിഷ്യന്മാരാകാൻ, ദൈവം ഉണ്ടെന്ന്, ദൈവം സന്നിഹിതനാണെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണം, അവിടത്തോടൊപ്പം സ്വരമുയർത്തണം. നിങ്ങള്‍ ഇത് കേൾക്കുക: അവിടത്തോടു നിലവിളിക്കണം. പ്രാര്‍ത്ഥന പലപ്പോഴു ഒരു രോദനമാണ്: “കർത്താവേ, എന്നെ രക്ഷിക്കേണമേ”.

ഇന്ന്, അഭയാര്‍ത്ഥികള്‍ക്കായുള്ള ദിനത്തില്‍ ഞാന്‍ കാണുകയായിരുന്നു. നിരവധിപ്പേര്‍ ബോട്ടുകളില്‍ വരുന്നു, മുങ്ങാന്‍ തുടങ്ങുമ്പോള്‍ അവര്‍ “ഞങ്ങളെ രക്ഷിക്കൂ” എന്ന് നിലവിളിക്കുന്നു. നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്: “കർത്താവേ, ഞങ്ങളെ രക്ഷിക്കേണമേ”, പ്രാർത്ഥന ഒരു നിലവിളിയായിത്തീരുന്നു. ഇന്ന് നമുക്ക് സ്വയം ചോദിക്കാം: എന്റെ ജീവിതത്തില്‍ ആഞ്ഞടിക്കുന്ന കാറ്റുകൾ ഏവയാണ്, എന്റെ യാത്രയെ തടസ്സപ്പെടുത്തുന്നതും എന്റെ ആത്മീയ ജീവിതത്തെയും എന്റെ കുടുംബജീവിതത്തെയും മാത്രല്ല, എന്റെ മാനസിക ജീവിതത്തെയും അപകടപ്പെടുത്തുന്ന തിരമാലകള്‍ ഏതൊക്കെയാണ്?

ഇതെല്ലാം നമുക്ക് യേശുവിനോട് പറയാം, നമുക്ക് അവിടുത്തോട് എല്ലാം പറയാം. അവിടുന്ന് അത് ആഗ്രഹിക്കുന്നു, ജീവിതത്തിന്റെ പ്രതികൂല തിരമാലകളില്‍ നിന്ന് രക്ഷ നേടാന്‍ നാം അവിടുത്തെ മുറുകെ പിടിക്കണമെന്ന് അവിടുന്ന് അഭിലഷിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സന്ദേശത്തിന്റെ സമാപനത്തില്‍ മ്യന്മറില്‍ സമാധാനം സംജാതമാകാന്‍ പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചിരിന്നു.

You might also like