ആമസോണിന്റെ സ്ഥാപകന്‍ കത്തോലിക്ക സ്കൂളിന് 12 മില്യണ്‍ ഡോളര്‍ സമ്മാനിച്ചു

0

വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തെ ഏറ്റവും വലിയ ‘ഇ-കൊമേഴ്സ്’ സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ പിതാവ് മിഗ്വേല്‍ ബെസോസ് ഡെലവറിലെ കത്തോലിക്ക സ്കൂളിന് 12 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് 1960-കളില്‍ ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് ആരോരുമില്ലാതെ കുടിയേറിയപ്പോള്‍ മിഗ്വേലിന് അഭയം നല്‍കുകയും പഠിപ്പിക്കുകയും ചെയ്തത് ഡെലാവറിലെ വില്‍മിംഗ്ടണിലുള്ള സലേസിയാനം സ്കൂളായിരുന്നു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ കത്തോലിക്ക സഭ സംഘടിപ്പിച്ച ‘പെഡ്രോ പാന്‍ ഓപ്പറേഷന്‍’ പദ്ധതിയുടെ ഭാഗമായി വിപ്ലവാനന്തര ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് കൊണ്ടുവന്ന 14,000 കുട്ടികളില്‍ മിഗ്വേലും ഉള്‍പ്പെട്ടിരിന്നു.

കുടിയേറ്റകാലത്ത് മിഗ്വേല്‍ താമസിച്ചിരുന്ന കാസാ ഡെ സാലെസ് ബോയ്സ് ഹോമിന്റെ അന്നത്തെ ഇന്‍ചാര്‍ജ്ജായിരുന്നു ‘ഒബ്ലേറ്റ്സ് ഓഫ് ഫ്രാന്‍സിസ് ഡെ സാലെസ്’ സഭാംഗമായ ഫാ. ജെയിംസ് പി. ബയണ്‍. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഫാ. ജെയിംസ് പി. ബയണിന്റെ ആദരസൂചകമായിട്ടു കൂടിയാണ് മിഗ്വേലിന്റേയും ഭാര്യ ജാക്ക്വിലിന്റേയും ഈ സംഭാവന. ഇദ്ദേഹത്തിന്റെ പേരിലുള്ള ജെയിംസ് പി ബയണ്‍ ഒ.എസ്എഫ്.എസ് സ്കോളര്‍ഷിപ്പിന് വേണ്ടിയായിരിക്കും ഈ തുക ഉപയോഗിക്കുക. കുടിയേറ്റക്കാരെ തലമുറകളോളം പഠിപ്പിച്ച സ്കൂളെന്ന പാരമ്പര്യത്തിന്റെ സൂചകമായി വില്‍മിംഗ്ടണിലെ കുടിയേറ്റക്കാരുടെ കുട്ടികളില്‍ യോഗ്യരായവര്‍ക്ക് സ്കോളര്‍ഷിപ്പില്‍ മുന്‍ഗണന നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

You might also like