BREAKING// കാനഡ ചുട്ടുപൊള്ളുന്നു: ഇതുവരെ ഉഷ്ണതരംഗത്തിൽ 134 പേർ മരിച്ചു, ആയിരം കൊല്ലത്തിനിടെ ആദ്യം
കാനഡ ചുട്ടുപൊള്ളുന്നു: ഇതുവരെ ഉഷ്ണതരംഗത്തിൽ 134 പേർ മരിച്ചു, ആയിരം കൊല്ലത്തിനിടെ ആദ്യം
ഒട്ടാവ: കാനഡ ചൂട്ടുപൊള്ളുന്നു. ഇതുവരെ ഉഷ്ണതരംഗത്തിൽപ്പെട്ട് 134 പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള മരണ നിരക്കാണിത്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പ്രാദേശിക അധികൃതർ കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ല.
വീടുകളുടെ മേൽക്കൂരകളും റോഡുകളും വരെ ചൂടിൽ ഉരുകുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച വരെ 45 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു ചൂട്. എന്നാൽ, ഈയാഴ്ച തുടർച്ചയായ മൂന്ന് ദിവസം താപനില 49ഡിഗ്രി സെൽഷ്യസിലെത്തി. റെക്കോർഡ് താപനിലയാണിത്. വടക്ക്പടിഞ്ഞാറൻ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
വാൻകൂവറിൽ വെള്ളിയാഴ്ചക്ക് ശേഷം 65 പേരാണ് അവിചാരിതമായി മരിച്ചത്. ബേൺബേയിൽ 34 പേരും സറേയിൽ 38 പേരും മരിച്ചു. മരണങ്ങളുടെ കാരണങ്ങളിലൊന്ന് കനത്ത ചൂടാണെന്ന് പോലീസ് പറയുന്നു. ജനങ്ങൾ പരമാവധി വീടുകൾക്കും കെട്ടിടങ്ങൾക്കും ഉള്ളിൽ തന്നെ കഴിയണമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
ചൂടിനെ പ്രതിരോധിക്കാൻ പലയിടങ്ങളിലും ശീതീകരണ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകളും വാക്‌സിൻ വിതരണ കേന്ദ്രങ്ങളും താത്കാലികമായി അടച്ചു. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.