TOP NEWS || ഐടി ചട്ടങ്ങളുടെ ലംഘനം; മൂന്ന് കോടിയിലധികം പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ചട്ടലംഘനം നടത്തിയതിനു മൂന്ന് കോടിയിലധികം പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഫേസ്ബുക്ക്. മേയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള ഒരു മാസക്കാലയളവിലാണ് ഇത്രയും ചട്ടലംഘനങ്ങള്‍ കണ്ടെത്തിയത്.
ഇതേ കാലയളവില്‍ ഇന്‍സ്റ്റഗ്രാം ഇരുപത് ലക്ഷം പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടുകളും വിദഗ്ധസംഘത്തിന്റെ വിശകലനങ്ങളും ഒപ്പം നിര്‍മിത ബുദ്ധിയും സംയുക്തമായി ഉപയോഗപ്പെടുത്തിയാണ്‌ഈ കണ്ടെത്തല്‍. അടുത്ത റിപ്പോര്‍ട്ട് ജൂലായ് 15 നാണ് ഫെയ്‌സ്ബുക്ക് പ്രസിദ്ധപ്പെടുത്തുക. 30-45 ദിവസത്തെ ഇടവേളയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരെ നിയമിക്കാനും പുതുക്കിയ ഐടി ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ഫേസ്ബുക് നടപടിയെടുത്ത ഉള്ളടക്കങ്ങളില്‍ പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, കമന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഉപയോക്താക്കളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലല്ലാതെ പ്ലാറ്റ്‌ഫോം നേരിട്ട് നടപടിയെടുക്കുന്ന ഉള്ളടക്കങ്ങളും ഇതില്‍ പെടും.