ട്വിറ്ററിന് ഇന്ത്യയിൽ പുതിയ ഗ്രീവൻസ് ഓഫിസർ

0

ന്യൂഡൽഹി ∙ ട്വിറ്റർ ഇന്ത്യയുടെ റസിഡന്റ് ഗ്രീവൻസ് ഓഫിസറായി വിനയ് പ്രകാശിനെ നിയമിച്ചു. ഐടി ഇന്റർമീഡിയറി ചട്ടം നടപ്പാക്കുന്നതിൽ കേന്ദ്രവുമായി തർക്കം തുടരുന്നതിനിടെയാണു പുതിയ നിയമനം. നേരത്തേ ഇടക്കാല ഗ്രീവൻസ് ഓഫിസറായി നിയമിച്ച ധർമേന്ദ്ര ചതുർ ഏതാനും ദിവസങ്ങൾക്കകം രാജിവച്ചിരുന്നു. പിന്നാലെ കമ്പനിയുടെ ആഗോള ലീഗൽ പോളിസി ഡയറക്ടർ ജെറമി കെസ്സലിനെ പദവിയിൽ നിയമിച്ചിരുന്നു.

ഇന്ത്യയിൽ നിന്നുള്ളയാളാകണം പദവിയിൽ എന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണു വിനയ് പ്രകാശിനെ ഗ്രീവൻസ് ഓഫിസർ പദവിയിൽ നിയമിച്ച് കമ്പനി വെബ്സൈറ്റിൽ വിവരം പ്രസിദ്ധീകരിച്ചത്. ജെറമിയുടെ പേരിനൊപ്പമാണു വിനയ് പ്രകാശിന്റെ പേരും നൽകിയിരിക്കുന്നത്. പരാതികൾ അറിയിക്കാനുള്ള ഇ–മെയിൽ വിലാസവും ഓഫിസ് വിലാസവും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഉള്ളടക്കം സംബന്ധിച്ച 94 പരാതികൾ ലഭിച്ചുവെന്നും 133 ഉള്ളടക്കം നീക്കം ചെയ്തുവെന്നും ഐടി ഇന്റർമീഡിയറി ചട്ടം അനുസരിച്ചുള്ള സുതാര്യത റിപ്പോർട്ടിൽ ട്വിറ്റർ വ്യക്തമാക്കി. ഇതിനു പുറമേ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ പങ്കുവച്ച 18,385 ട്വിറ്റർ അക്കൗണ്ടുകളും ഭീകരതയുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണം നടത്തിയ 4179 അക്കൗണ്ടുകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ നിന്നു വിലക്കിയെന്നു കമ്പനി വിശദീകരിച്ചു.

You might also like