സിക്ക വൈറസ് : തിരുവനന്തപുരത്തെ പ്രശ്നബാധിത സ്ഥലങ്ങള്‍ ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിച്ചേക്കും

0

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശ്നബാധിത സ്ഥലങ്ങള്‍ ഇന്ന് സിക്ക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം സന്ദര്‍ശിച്ചേക്കും. സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് വ്യാപനം ഉണ്ടായോ എന്നും, വൈറസ് കണ്ടെത്താന്‍ വൈകിയോ എന്നും, കേന്ദ്ര സംഘം പരിശോധിക്കും. ഇന്നലെ കേന്ദ്ര സംഘം ചര്‍ച്ചകള്‍ക്കായി മുഴുവന്‍ സമയവും വിനിയോജിച്ചു. നിലവില്‍ രോഗവും രോഗികളുടെ സാന്നിധ്യവും ഉള്ളത് പാറശാല, നന്തന്‍കോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ്.

കേന്ദ്ര സംഘം ഇന്ന് ഇവിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തിയേക്കും. സംസ്ഥാനത്തിന്റെ ശ്രമം പ്രതിരോധം പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കി വേഗത്തിലാക്കാനാണ്. അതേസമയം കേരളത്തില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍ അയച്ച സാമ്ബിളിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്.

രോഗികളില്‍ ഒരാള്‍ 46 വയസുള്ള പുരുഷനാണ്. 22 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിയുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്ബിളുകളില്‍ 26 എണ്ണം നെഗറ്റീവായിട്ടുണ്ട്.

You might also like