കേരളത്തിലും മഹാരാഷ്ട്രയിലും വില്ലനായി ‘ആർ’ ഘടകം; ആശങ്കയെന്ന് വിദഗ്ധ പഠനം

0

മുംബൈ ∙ മഹാരാഷ്ട്രയിലും കേരളത്തിലും കൊറോണ വൈറസിന്റെ ‘ആർ’ ഘടകം (പുനരുൽപാദന/വ്യാപന നിരക്ക്) കൂടുതലാണെന്നും ഇതു ദേശീയതലത്തിൽ കേസുകളുടെ വർധനവിനു കാരണമാകുമെന്നുമുള്ള ആശങ്ക പങ്കുവച്ച് ആരോഗ്യവിദഗ്ധർ. പൊതുവെ രാജ്യത്തു രോഗം കുറയുന്നുണ്ടെങ്കിലും കടുത്ത ജാഗ്രത തുടരണമെന്നതിന്റെ സൂചനയാണ് ഉയർന്ന ‘ആർ’ മൂല്യമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഒരു രോഗിയിൽനിന്ന് എത്ര പേരിലേക്കു പുതുതായി രോഗം പടരുന്നുണ്ടെന്നു കണക്കാക്കാനുള്ള അക്കാദമിക് സൂചകമാണ് ആർ. രാജ്യത്തു രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇടിവ് മന്ദഗതിയിലാണെന്നത് ആശങ്കാജനകമാണെന്നു ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ 1.19 ലക്ഷം പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച 8,535 പുതിയ കേസ് റിപ്പോർട്ട് ചെയ്തു. മേയ് പകുതിയിൽ 0.79 ആയിരുന്ന ആർ നിരക്ക്, 30ന് 0.84 ആയി. ജൂൺ അവസാനത്തോടെ 0.89 വരെയും ഉയർന്നു. പുതിയ ഡേറ്റ സൂചിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ ആർ ഘടകം ഇപ്പോൾ ഒന്നിന് അടുത്താണെന്നാണ്. കേരളത്തിൽ കഴിഞ്ഞദിവസം 12,220 പുതിയ കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ ചികിത്സയിൽ കഴിയുന്നവർ 1.15 ലക്ഷമായി. ഇവിടെ ഈ മാസമാദ്യം ആർ ഘടകം 1.0 പിന്നിട്ടു. സമീപകാല ഡേറ്റ സൂചിപ്പിക്കുന്നത് ഇത് അപകടകരമാംവിധം അതേയിടത്തുതന്നെ തുടരുന്നു എന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയതലത്തിൽ ആർ നിരക്ക് 0.95 ആണ്.

You might also like