TOP NEWS| ക്യൂബന്‍ സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു; തെരഞ്ഞെടുപ്പിന് സമ്മര്‍ദ്ധവുമായി ക്രൈസ്തവ സംഘടനയും

0

 

ക്യൂബന്‍ സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു; തെരഞ്ഞെടുപ്പിന് സമ്മര്‍ദ്ധവുമായി ക്രൈസ്തവ സംഘടനയും

ഹവാന: ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും ദൗർലഭ്യവും, കോവിഡ് അനാസ്ഥയും മറ്റനവധി പ്രശ്നങ്ങളും കൊണ്ട് പ്രക്ഷുപ്തമായ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ക്രൈസ്തവ സംഘടനയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിൽ കത്തോലിക്കാ സംഘടനയായ ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെൻറ് പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടി സർക്കാരിന് മേൽ സമ്മർദ്ധവുമായി രംഗത്തെത്തി. ഭരണകൂടത്തിനെതിരെ ജനങ്ങൾ ജൂലൈ പതിനൊന്നാം തീയതി തെരുവിലിറങ്ങിയത് വലിയ ചര്‍ച്ചയായിരിന്നു. സർക്കാർ അടിച്ചമർത്തലുകൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയും, സ്വാതന്ത്ര്യം അവകാശപ്പെടുന്നതിനു വേണ്ടിയുമാണ് ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾക്ക് വേണ്ടി ഇറങ്ങിയതെന്ന് ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെൻറ് ദേശീയ കോർഡിനേറ്റർ എഡ്വേർഡോ കാർഡറ്റ് കൺസപ്ഷൻ പറഞ്ഞു.

അനീതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് പിന്തുണ നൽകുമെന്നും സംഘടന വ്യക്തമാക്കി. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ എടുത്തുകളയുക, ക്യൂബക്കാരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുക, ദ്വീപിന് പുറത്തും അകത്തുമുള്ള പൗരന്മാർക്ക് വോട്ട് ചെയ്യാനും, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അവകാശം നൽകുക തുടങ്ങിയ കാര്യങ്ങളാണ് സംഘടന പത്രക്കുറിപ്പിലൂടെ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതിനിടയിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് ക്യൂബൻ പ്രസിഡന്റും, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനുമായ മിഗ്വേൽ ഡിസാ കാനൽ ആരോപിച്ചു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം, സർക്കാർ അനുകൂല പ്രകടനങ്ങൾ നടത്താൻ അദ്ദേഹം പാർട്ടി അംഗങ്ങളോട് ആഹ്വാനം നൽകി. എന്നാല്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെൻറ് സംഘടനയുടെ തീരുമാനം.

1988ൽ ജനാധിപത്യപരമായ മാറ്റങ്ങൾ രാജ്യത്ത് കൊണ്ടുവരാൻ വേണ്ടി ഓസ്വാൾഡോ പായ സാർഡിനാസ് എന്ന കത്തോലിക്ക വിശ്വാസിയാണ് ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെൻറ് ആരംഭിക്കുന്നത്. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളാണ് സംഘടന തുടങ്ങാൻ അദ്ദേഹത്തിന് പ്രചോദനം നൽകിയത്. രാജ്യത്ത് ജനാധിപത്യ ഭരണകൂടം കൊണ്ടുവരാൻ ഒപ്പ് ശേഖരണം അദ്ദേഹം നടത്തിയത് സർക്കാരിനെ പ്രകോപിപ്പിച്ചിരിന്നു. തൽഫലമായി സംഘടനയിലെ അംഗങ്ങൾ രാജ്യമെമ്പാടും പീഡനത്തിന് ഇരയായി. 2003ലെ ക്യൂബൻ സ്പ്രിങ് എന്ന വിളിക്കപ്പെടുന്ന അടിച്ചമർത്തലിൽ സംഘടനയുടെ 42 നേതാക്കന്മാരാണ് ജയിലിലായത്. ഓസ്വാൾഡോ പായയും, അദ്ദേഹത്തിന്റെ ഒരു സുഹൃത്തും 2012 ജൂലൈ 22നു ദുരൂഹമായ ഒരു കാറപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.

You might also like