ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് ലിസ്റ്റ്; ഉറപ്പുകള്‍ സര്‍ക്കാര്‍ മറന്നു, വാതിലുകള്‍ മുട്ടി ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും, ഭിക്ഷയാചിച്ചും ദേഹത്ത് മണ്ണെണ്ണയൊഴിച്ചും സമരം നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് ലിസ്റ്റില്‍പെട്ട ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വീണ്ടും മറന്നു.
റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സമരം അവസാനിപ്പിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാഴ്വാക്കായി. 46285 പേര് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് ആഗസ്റ്റ് നാലിന് അവസാനിക്കാനിരിക്കെ നാളിതുവരെ 6673 പേര്‍ക്ക് മാത്രമാണ് നിയമന ശിപാര്‍ശ ലഭിച്ചത്. 2015ല്‍ നിലവിലുണ്ടായിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍നിന്ന് 11,395 പേര്‍ക്കും 2012ലെ ലിസ്റ്റില്‍നിന്ന് 12,959 പേര്‍ക്കും നിയമന ശിപാര്‍ശ നല്കിയ സ്ഥാനത്താണിത്.
ഒന്നാം പിണറായി സര്‍ക്കാറിെന്റ അവസാനകാലത്ത് നിയമനം ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ 34 ദിവസത്തെ സമരം സര്‍ക്കാറിെനയും മുന്നണിയെയും ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് നിയമമന്ത്രിയായിരുന്ന എ.കെ. ബാലെന്റ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്ക്കപ്പെട്ടത്.
പ്രധാനമായും ആറ് ഉറപ്പുകളാണ് അന്ന് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയത്. എല്‍.ജി.എസ് ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും, സ്ഥാനക്കയറ്റം നല്കി പുതിയ തസ്തിക സൃഷ്ടിക്കും, നിയമ തടസ്സമുള്ളവയില്‍ താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കും, പരിശോധനക്കായി ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും, നൈറ്റ് വാച്ച്മാന് ഡ്യൂട്ടി എട്ടുമണിക്കൂറായി കുറച്ച് കൂടുതല്‍ തസ്തിക സൃഷ്ടിക്കും, സി.പി.ഒ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വീഴ്ച പരിശോധിക്കും എന്നിവയായിരുന്നു അവ. പക്ഷേ നാളിതുവരെ ഇതില്‍ ഭൂരിഭാഗം ഉറപ്പുകളും പാലിച്ചില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള അച്ചടിവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റം മുടങ്ങിയിട്ട് രണ്ടരവര്‍ഷമായി. 40ലധികം ഒഴിവുകളാണ് വകുപ്പിലുള്ളത്. നിലവിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്കിയാല് ആഗസ്റ്റില്‍ കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് 40ലധികം പേര്‍ക്ക് നിയമനം നല്കാന് സാധിക്കും. എന്നാല്‍ മേലധികാരികളുടെ അനാസ്ഥമൂലം സര്‍ക്കാര്‍ പ്രസുകളിലെ രണ്ടാം ഗ്രേഡ് ബൈന്റര്‍ തസ്തികയിലേക്ക് തസ്തികമാറ്റം വഴി ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കുള്ള സ്ഥാനക്കയറ്റം നല്‍കാനുള്ള അന്തിമപട്ടിക എങ്ങുമെത്താത്ത അവസ്ഥയിലാണ്.