വിമാനത്താവളം പോലെ തോന്നിക്കുന്ന റെയില്‍വേ സ്റ്റേഷനും പഞ്ചനക്ഷത്ര ഹോട്ടല്‍ കോംപ്ലക്സും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
ഗാന്ധിനഗര്‍: വിമാനത്താവളം പോലെ തോന്നിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷനടക്കം ഗുജറാത്തിലെ വിവിധ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. തന്‍റെ ജന്മനാട്ടിലെ നവീകരിച്ച വട്നഗര്‍ റെയില്‍വേ സ്റ്റേഷനും മോദി ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലത്ത് അദ്ദേഹം ചായ വിറ്റ് നടന്നിരുന്നത് ഈ റെയില്‍വേ സ്റ്റേഷനിലാണ് എന്ന പ്രത്യേകതയുമുണ്ട്.
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഗുജറാത്തിലെ വിവിധ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗാന്ധിനഗര്‍ ക്യാപിറ്റല്‍-വാരണാസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും ഗാന്ധിനഗര്‍ ക്യാപിറ്റലിനും വറേഥക്കും ഇടയിലുള്ള മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പ്ള്‍ യൂനിറ്റ് സര്‍വീസ് ട്രെയിനും അദ്ദേഹം ഫ്ലാഗ്ഓഫ് ചെയ്തു.
ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനാണ് പൊതു പങ്കാളിത്തത്തോടെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. നവീകരിച്ച സ്റ്റേഷനും അതിനു മുകളിലായി നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടല്‍ കോംപ്ലക്സും പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു. റെയില്‍വേ സ്റ്റേഷനു മുകളില്‍ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു സ്ഥാപിച്ചിരിക്കുന്നത്. 790 കോടി രൂപയാണു നിര്‍മാണ ചെലവ്.
സ്റ്റേഷനു സമീപത്തെ മഹാത്മ മന്ദിര്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്കും മറ്റും വരുന്നവരെ ലക്ഷ്യമിട്ടാണു ഹോട്ടല്‍ സ്ഥാപിച്ചത്. ഗുജറാത്ത് സര്‍ക്കാറിന്‍റെ ഗാന്ധിനഗര്‍ റെയില്‍വേ ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്‍റ് കമ്ബനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍സ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍ (ഐആര്‍എസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള രണ്ട് ടവറുകളും ഒമ്ബത് നിലകളുള്ള ഒരു ടവറുമാണു ഹോട്ടല്‍ കോംപ്ലക്സിന്‍റെ ഭാഗമായി നിര്‍മിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്‍റെയാണു ഹോട്ടല്‍.