TOP NEWS| ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കും: ബൊക്കോഹറാം തലവന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി നൈജീരിയന്‍ വൈദികന്‍

0

 

ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കും: ബൊക്കോഹറാം തലവന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി നൈജീരിയന്‍ വൈദികന്‍

വാഷിംഗ്‌ടണ്‍ ഡി.സി: ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ കുപ്രസിദ്ധ തലവന്‍ അബുബേക്കര്‍ ഷെക്കാവു കൊല്ലപ്പെട്ട സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുമായി നൈജീരിയന്‍ കത്തോലിക്ക വൈദികന്‍. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ പങ്കെടുക്കുവാനെത്തിയ ഫാ. ജോസഫ് ബട്ടുരെ ഫിദെലിസ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആശങ്ക പങ്കുവെച്ചത്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയില്‍ ബൊക്കോഹറാം മൂലം ഭവനരഹിതരായ ക്രൈസ്തവര്‍ക്കുള്ള ട്രോമാ കെയറിന്റെ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ്‌ സ്കില്‍ അക്ക്വിസിഷന്‍ സെന്ററിന് നേതൃത്വം നല്‍കുന്ന വൈദികനാണ് ഫാ. ജോസഫ് ബട്ടുരെ. നൈജീരിയയിലെ നിലവിലെ സാഹചര്യം വളരെ മോശമാണെന്നു അദ്ദേഹം വെളിപ്പെടുത്തി.

ബൊക്കോഹറാം തലവന്‍ കൊല്ലപ്പെട്ടതിന് ശേഷവും സ്ഥിതിഗതികളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്നുവരെ നിരവധി ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. റോഡുകളിലും ഗ്രാമപ്രദേശങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. നൈജീരിയയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ പൊട്ടാനിരിക്കുന്ന ടൈം ബോംബിനോട് ഉപമിച്ച ഫാ. ഫിദെലിസ് സമീപകാലത്ത് ഇത്രയധികം തീവ്രതയില്‍, ഇത്രയധികം ക്രൂരതയുള്ള, ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ട മതപീഡനം നൈജീരിയയിലല്ലാതെ മറ്റൊരു സ്ഥലത്തും കാണുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ 20 ലക്ഷം ആളുകള്‍ ഭവനരഹിതരാകുവാന്‍ കാരണമായിട്ടുണ്ടെന്നാണ് യു‌എന്‍ കണക്കാക്കുന്നത്.

You might also like