TOP NEWS| എന്താണ് പെഗാസസ്? ഇസ്രായേല്‍ സ്പൈവെയര്‍ ലക്ഷ്യമിടുന്നത് ആരെയാണ്? എന്താണ് പുതിയ വിവാദം?
പെഗാസസ് ഫോൺ ചോർത്തൽ പുതിയൊരു രാഷ്ട്രീയ വിവാദമായി രാജ്യത്ത് ചൂടുപിടിക്കുകയാണ്. സ്പൈവെയര്‍വഴിയുള്ള ഈ ചാരവൃത്തി വരുംദിവസങ്ങളില്‍ ദേശീയരാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്. പാർലമെന്റ് വർഷക്കാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ചാരവൃത്തിയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയ പശ്ചാത്തലത്തിൽ എന്താണ് വിവാദ പെഗാസസ് സ്‌പൈവെയറെന്നും എങ്ങനെയാണ് ഇതിന്റെ പ്രവർത്തനരീതിയെന്നും മനസിലാക്കാം.
ചാരവൃത്തിക്കു വേണ്ടിയുള്ള അതിനൂതന മാൽവെയർ സോഫ്റ്റ്‌വെയറാണ് അല്ലെങ്കിൽ സ്‌പൈവെയറാണ് പെഗാസസ്. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ കമ്പനിയാണ് ഈ സ്‌പൈവെയർ അഥവാ ചാരവലയം വികസിപ്പിച്ചെടുത്തിട്ടുള്ളത്. കംപ്യൂട്ടറുകളും സ്മാർട്ട്‌ഫോണുകളും ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി മറ്റു കക്ഷികൾക്ക് കൈമാറുകയാണ് ഇവരുടെ രീതി. ഫോണിലും കംപ്യൂട്ടറിലുമുള്ള ഫോട്ടോ, ചാറ്റിങ്, ലൊക്കേഷൻ, മറ്റു വ്യക്തിവിവരങ്ങളെല്ലാം ഇതുവഴി ചോർത്തുന്നുണ്ട്.