TOP NEWS| പ്രളയക്കെടുതിയിൽ ചൈന, പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ; ഡാം തകരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
പ്രളയക്കെടുതിയിൽ ചൈന, പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ; ഡാം തകരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
ബീജിംഗ്: കനത്ത മഴയെ തുടർന്ന് ചൈനയുടെ മധ്യപ്രവിശ്യയായ ഹെനാനിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നൂറ്റാണ്ടുകൾക്കിടയിൽ ഇതാദ്യമായാണ് ഇത്രയും കനത്ത മഴ ചൈനയിൽ ഉണ്ടാകുന്നത്. വെള്ളപ്പൊക്കത്തെ തുടർന്നുള്ള മരണസംഖ്യയും ഉയർന്നുകൊണ്ടിരിക്കുകയാണ്. നിരത്തുകളിലും സബ്‌വേകളിലും കെട്ടിടങ്ങളിലുമെല്ലാം വെള്ളം കയറിയതിനെ തുടർന്ന് പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷെങ്ഷൗവിൽ നിന്നുമാത്രം ലക്ഷക്കണക്കിന് ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു.
പ്രളയക്കെടുതികൾക്കിടയിലും ആശ്വാസകരമായ ഒരു വാർത്തയും ചൈനയിൽ നിന്നും പുറത്തു വരുന്നില്ല. വരും ദിവസങ്ങളിലും മഴ കനക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. ജലനിരപ്പ് ക്രമാതീതമായി വർധിക്കുന്നതിനാൽ അണക്കെട്ട് തകരാനുള്ള സാധ്യതയുള്ളതായി സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹെനാൻ പ്രവിശ്യയിലെ യിഹെടാൻ അണക്കെട്ടിൽ 20 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തിയതോടെ ഈ മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കി.
ഷെങ്ഷൗവിൽ 24 മണിക്കൂറിനിടെ 617. 1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പ്രതിവർഷം നഗരത്തിൽ ലഭിക്കുന്ന മഴയുടെയും മഞ്ഞിന്റെയും ശരാശരി കണക്ക് 640.8 മില്ലിമീറ്റർ ആണെന്നത് ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കുന്നു. ഹെനാൻ പ്രവിശ്യയിലെ 16 അണക്കെട്ടുകളിലും വെള്ളം പരമാവധി സംഭരണശേഷിക്കു മുകളിലായി കഴിഞ്ഞു.