രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും മാറ്റമില്ല.
ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും മാറ്റമില്ല. ഡല്‍ഹി അടക്കം രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില റെക്കോര്‍ഡിലാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 101.84 രൂപയും ഡീസല്‍ വില 89.87 രൂപയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മെയ് നാലു മുതലാണ് എണ്ണ കമ്ബനികള്‍ വില വര്‍ധന പുനരാരംഭിച്ചത്. അതിനുശേഷം ഇത്രയും ദിവസം വിലയില്‍ മാറ്റമില്ലാതെ തുടരുന്നത് ആദ്യമാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് 18.97 രൂപയും ഡീസലിന് 17.51 രൂപയുമാണ് വര്‍ധിപ്പിച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ അറിയിച്ച കണക്കാണിത്. രാജ്യത്ത് ആറു മാസത്തിനിടെ പെട്രോളിന് ഏറ്റവും വില വര്‍ധിച്ചത് ഗോവയിലാണ്. ഗോവയില്‍ 18.97 രൂപയാണ് വര്‍ധിച്ചത്. മണിപ്പൂരില്‍ 18.93 രൂപയും തെലങ്കാനയില്‍ 18.77 രൂപയും കര്‍ണാടകയില്‍ 18.74 രൂപയും മധ്യപ്രദേശില്‍ 18.70 രൂപയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് ആറു മാസത്തിനിടെ കൂടിയത്. വാറ്റ് പോലുള്ള പ്രാദേശിക നികുതികള്‍, ചരക്കുകൂലി എന്നിവ അടിസ്ഥാനമാക്കി വിവിധ നഗരങ്ങളിലെ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പിന്നാലെയുണ്ട്.