കുവൈറ്റില്‍ യാത്രാ നിബന്ധനകള്‍ പാലിക്കാത്ത നിരവധി പ്രവാസികളെ തിരിച്ചയച്ചു
കുവൈറ്റ് സിറ്റി: യാത്രാ നിബന്ധനകള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ കുവൈറ്റിലെത്തിയ നിരവധി പേരെ ഇന്നലെ തിരിച്ചയച്ചു. ലണ്ടനില്‍ നിന്നെത്തിയ വിദേശികളെയാണ് തിരിച്ചയച്ചത്. ‘ഇമ്മ്യൂണ്‍’ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസില്ലാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നെങ്കിലും, ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാത്തതോടെ ഇമ്മ്യൂണ്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിച്ചിരുന്നില്ല.
കുവൈറ്റില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് ഇന്നലെ മുതലാണ് മന്ത്രിസഭാ പ്രവേശനാനുമതി നല്‍കിയത്. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെയും, കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെയും സഹകരണത്തോടെ പുതിയ യാത്രാനടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ആദ്യ ദിവസത്തെ പ്രവര്‍ത്തന പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
88 വിമാന സര്‍വീസുകളാണ് ഇന്നലെ നടന്നത് (കുവൈറ്റിലേക്ക് 46 വിമാനങ്ങളും, കുവൈറ്റില്‍ നിന്ന് പുറത്തോട്ട് 42 വിമാനങ്ങളും സര്‍വീസ് നടത്തി). ആകെ 8,541 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 3,518 പേര്‍ കുവൈറ്റിലേക്ക് വന്നവരാണ്. 5,023 പേര്‍ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് പുറപ്പെട്ടു.