അഭയാര്‍ഥി പ്രവാഹം ഭയന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍; സഹായിക്കണമെന്ന് യു.എന്‍
ബ്രസല്‍സ്: അഫ്ഗാനില്‍ നിന്ന് കിട്ടിയ വിമാനത്തില്‍ നാടുവിടാന്‍ ആളുകള്‍ മല്‍സരിക്കുമ്ബോള്‍ അഭയാര്‍ഥി പ്രവാഹം ഭയന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ നാടുകളില്‍ നിന്നും അഭയാര്‍ഥിപ്രവാഹം തുടരുന്നതിനിടയിലാണ് അഫ്ഗാനികളും യൂറോപ്പിലേക്ക് കുടിയേറുന്നത്. അഭയാര്‍ഥി പ്രവാഹത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നൊരുക്കം നടത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. നിലവിലെ അവസ്ഥയുടെ ഭാരം ഒറ്റയ്ക്കു താങ്ങാന്‍ യൂറോപ്പിനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഫ്ഗാനില്‍ നിന്ന് 50 ലക്ഷം പേരെങ്കിലും നാടുവിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി ഹോസ്റ്റ് സീഹോഫര്‍ പ്രതികരിച്ചു. യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ക്ക് പോകാനുള്ള പ്രവേശനകവാടമായി മാറാന്‍ ഗ്രീസ് സന്നദ്ധമല്ലെന്ന് കുടിയേറ്റ വിഭാഗം മന്ത്രി നോട്ടിസ് മിറ്ററാക്കി അറിയിച്ചു. അനിയന്ത്രിത കുടിയേറ്റം തടയാന്‍ നടപടിയെടുക്കുമെന്ന് ഇ.യു സാമ്ബത്തിക കമ്മിഷണര്‍ പൗലോ ജന്റിലോനി പറഞ്ഞു.