TOP NEWS| ഞങ്ങള്‍ തുടച്ചുനീക്കപ്പെട്ടേക്കാം’: നിലനില്‍പ്പ് ആശങ്കാജനകമെന്നു അഫ്ഗാനിലെ ക്രൈസ്തവര്‍; ഭീഷണി കനക്കുന്നു

0

 

ഞങ്ങള്‍ തുടച്ചുനീക്കപ്പെട്ടേക്കാം’: നിലനില്‍പ്പ് ആശങ്കാജനകമെന്നു അഫ്ഗാനിലെ ക്രൈസ്തവര്‍; ഭീഷണി കനക്കുന്നു

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണ്ണമായും കൈയടക്കിയതോടെ ജീവിതം മുന്നോട്ടെന്തെന്ന് അറിയാതെ ക്രൈസ്തവ സമൂഹം. എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിച്ചതോടെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ് കഴിയുന്നത്. ക്രൈസ്തവരെ ഭീഷണിപ്പെടുത്തി ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘നിങ്ങളെത്തേടി വരും” എന്ന രീതിയിലുള്ള സന്ദേശങ്ങളാണ് അജ്ഞാതര്‍ മുഴക്കി കൊണ്ടിരിക്കുന്നത്. തങ്ങള്‍ ഉന്മൂലനം ഭയക്കുന്നുവെന്നും താലിബാൻ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യൻ ജനസംഖ്യ ഇല്ലാതാക്കാൻ പോകുന്നുവെന്നും അഫ്ഗാനിലെ ഹെറാത് നഗരത്തില്‍ താമസിക്കുന്ന ഹമീദ് (സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥ പേരല്ല) എന്ന ക്രൈസ്തവ വിശ്വാസി അമേരിക്ക ആസ്ഥാനമായ സിബിഎൻ ന്യൂസിനോട് പറഞ്ഞു.

ജനങ്ങള്‍ക്കു തുല്യത ഉറപ്പാക്കുമെന്ന താലിബാന്‍ അവകാശവാദങ്ങളില്‍ സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ക്രൈസ്തവര്‍ രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്നും താലിബാന്‍ അധിനിവേശത്തോടെ മൂന്നു നഗരങ്ങളിലെ ക്രൈസ്തവരുമായുള്ള ബന്ധം നഷ്ട്ടമായെന്നും അദ്ദേഹം വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരിലെ ഭൂരിഭാഗവും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. ഇസ്ലാം മതത്തില്‍നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വലിയ കുറ്റമായാണു അഫ്ഗാനില്‍ കണക്കാക്കുന്നത്.

അതേസമയം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചതിനുശേഷം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ കുട്ടികളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ കടുത്ത ഭീതി നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ബുര്‍ഖ ധരിക്കാത്തതിനെ തുടര്‍ന്നു ഒരു സ്ത്രീയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയിരിന്നു. പെണ്‍കുട്ടികളെ ബലമായി പിടിച്ചുക്കൊണ്ടു പോയി വിവാഹം ചെയ്യുന്നതും ആണ്‍കുട്ടികളെ താലിബാന്‍ സംഘത്തില്‍ ചേര്‍ക്കുന്നതുമായ സംഭവങ്ങള്‍ ഓരോ മണിക്കൂറിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇത് ക്രൈസ്തവ സമൂഹത്തില്‍ ഉയര്‍ത്തുന്ന ആശങ്ക വളരെ വലുതാണ്.

You might also like