യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവകാശവാദം; ജീവനോടെ കുഴിച്ചുമൂടിയ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം
ലുസാക്ക: യേശു ക്രിസ്തുവിെന്റ ഉയര്‍ത്തെഴുന്നേല്‍പ്പ് പുനര്സൃഷ്ടിക്കാനൊരുങ്ങിയ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. ക്രിസ്തുവിനെ പോലെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാനായി, തന്നെ ജീവനോടെ കുഴിച്ചുമൂടാന്‍ പാസ്റ്റര്‍ ആവശ്യപ്പെടുകയായിരുന്നു. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.
വിശ്വാസികളെ സാക്ഷിയാക്കി ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടക്കുകയായിരുന്നു. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം താന്‍ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും പാസ്റ്റര്‍ വിശ്വാസികളോട് അവകാശപ്പെട്ടു. ഉയര്‍ത്തെഴുന്നേല്‍പ്പിന് പോകും മുമ്ബ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് സാക്ഷികളായവര്‍ക്ക് പാസ്റ്റര്‍ ആത്മവിശ്വാസവും നല്‍കിയിരുന്നു.
ഇയാളുടെ അവകാശവാദം വിശ്വസിച്ച അനുയായികള്‍ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴി മാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പോലീസിനെ അറിയിക്കുന്നത്. സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്.