യാത്രാവിലക്കില്‍ ഇളവ് പ്രാബല്യത്തിലായെന്ന് സൗദി സിവില്‍ ഏവിയേഷന്‍
റിയാദ്: സൗദിയില്‍നിന്ന് വാക്സിനേഷന് പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക് മടങ്ങിവരാന്‍ പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തിലായതായി സൗദി സിവില്‍ ഏവിഷേയന്‍ അതോറിറ്റി (ഗാക). വിമാന കമ്ബനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പൊട്ടിപുറപ്പെട്ടത് മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തില്‍ ഇളവ് വരുത്തുകയാണെന്നും സൗദിയില്‍ നിന്ന് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ ശേഷം യാത്രാനിരോധിത രാജ്യങ്ങളിലേക്ക് പോയവര്‍ക്ക് തിരിച്ചുവരാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സൗദി ഇഖാമയുള്ള, സൗദിയില്‍ തന്നെ രണ്ട് ഡോസ് വാക്സിന് കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാണ് യാത്രാവിലക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം തടയാന്‍ നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും പാലിച്ചുവേണം യാത്ര നടത്തേണ്ടത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഗവണ്‍മെന്‍റ് ഉത്തരവ് അനുസരിച്ചുള്ള ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.