ക്രൈസ്തവർക്ക്‌‌ എയർപ്പോർട്ടിലും കടുത്ത അവഗണന നേരിടുന്നതായി പരാതി

0

കാബൂൾ: ജീവരക്ഷക്കായ്‌ അഫ്ഗാന്‌ പുറത്തു കടക്കാൻ ശ്രമിക്കുന്ന ക്രൈസ്തവർക്ക് എയർപോർട്ടിൽ കടുത്ത അവഗണന നേരിടുന്നതായി പരാതി. കാബൂൾ എയർപോർട്ടിൽ നടക്കുന്ന സംഭവ വികാസങ്ങളെ പറ്റിയുള്ള ആശങ്ക വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പങ്കുവച്ചു. അമേരിക്കൻ സൈന്യത്തിന്റെ പൂർണ്ണ പിന്മാറ്റത്തോടെ തങ്ങളുടെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് രാജ്യത്തെ ക്രൈസ്തവർ, ഏതെങ്കിലും രാജ്യങ്ങളിലേക്ക് പലായനം ചെയ്യുവാൻ എല്ലാ മാർഗ്ഗങ്ങളും തേടുകയാണ്‌ ഇപ്പോൾ.

പ്രത്യേക സാഹചര്യത്തിൽ 87,900- അധികം ആളുകളെയാണ് സുരക്ഷിതമായി അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെയും മറ്റു സഖ്യകക്ഷികളുടെയും വിമാനങ്ങളിൽ രാജ്യത്തിന്റെ പുറത്തേക്ക് കടത്തിയത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശമനുസരിച്ച് സംരക്ഷിക്കേണ്ട ആളുകളുടെ മുൻഗണനാ ക്രമം വിവിധ സംഘടനകൾ അയച്ചു കൊടുത്തെങ്കിലും, അത് നടപ്പിലാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും എയർപോർട്ടിൽ സ്വാധീനം ഇല്ലെങ്കിൽ മുൻഗണ ലഭിക്കുന്ന സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളതെന്നുമാണ്‌ അറിയുവാൻ കഴിയുന്നത്‌. ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നതെങ്കിലും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുൻഗണന പട്ടികയായ പി-2 ക്രൈസ്തവരും, മറ്റു മത ന്യൂനപക്ഷങ്ങളും ഉൾപ്പെട്ടിട്ടില്ലായെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടി. സ്ത്രീകൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരാണ് പട്ടികയിൽ ഉള്ളത്. അമേരിക്കയുടെ വിമാനങ്ങളിൽ തങ്ങളെ കയറാൻ അനുവദിക്കുന്നില്ല എന്ന് ആശങ്ക പങ്കുവെച്ച് കൊണ്ട് ക്രൈസ്തവ വിശ്വാസികൾ തനിക്ക് ഇമെയിലുകൾ അയച്ചുവെന്ന് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ ഫോർ റിലീജിയസ് ഫ്രീഡം അധ്യക്ഷ നിന ഷിയ പറഞ്ഞു.

You might also like