TOP NEWS| മതപരിവർത്തനം ആരോപിച്ച് ചത്തീസ്ഗഡില്‍ പാസ്റ്റർക്കും കുടുംബാംഗങ്ങൾക്കും സുവിശേഷവിരോധികളുടെ ക്രൂരമർദ്ദനം; സഭാ സാമഗ്രികളും തല്ലിത്തകർത്തു

0

 

മതപരിവർത്തനം ആരോപിച്ച് ചത്തീസ്ഗഡില്‍ പാസ്റ്റർക്കും കുടുംബാംഗങ്ങൾക്കും സുവിശേഷവിരോധികളുടെ ക്രൂരമർദ്ദനം; സഭാ സാമഗ്രികളും തല്ലിത്തകർത്തു

കവാര്‍ധ: മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ചത്തീസ്ഗഡില്‍ യുവ പാസ്റ്റര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം. നൂറിലേറെ പേരടങ്ങിയ സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ചെത്തി പാസ്റ്ററെയും കുടുംബത്തെയും ക്രൂരമായി മര്‍ദ്ദിച്ചത്.

മതപരിവര്‍ത്തനം നടത്തരുത് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഈ സംഘമെത്തിയത്. ഇവര്‍ വീട്ടിലെ വസ്തുവകകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ചത്തീസ്ഗഡിലെ കബീര്‍ദാം ജില്ലയിലെ പൊല്‍മി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.

‘രാവിലെ 11 മണിയോടെ പാസ്റ്റര്‍ കവാല്‍സിംഗ് പരസ്‌തേയുടെ വീട്ടില്‍ ചില പ്രാര്‍ത്ഥനകള്‍ നടക്കുകയായിരുന്നു. ഇതിനിടെ നൂറിലേറെ പേരടങ്ങിയ ഒരു ആള്‍ക്കൂട്ടം വീട്ടിലേക്ക് ഇരച്ചെത്തുകയും പ്രാര്‍ത്ഥന പുസ്തകങ്ങളും ആരാധന ഉപയോഗിക്കുന്ന വസ്തുക്കളും വീട്ടിലുള്ള മറ്റു വസ്തുക്കളുമെല്ലാം തല്ലിതകര്‍ക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം,’ കബീര്‍ദാം എസ്.പി മോഹിത് ഗര്‍ഗ് പറഞ്ഞു.

പാസ്റ്ററെയും കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവരെയും മര്‍ദിച്ചവശരാക്കിയ ശേഷം ഈ സംഘം രക്ഷപ്പെട്ടെന്നും മോഹിത് ഗര്‍ഗ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാനത്തെ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന് സര്‍ക്കാരും പൊലീസും തയ്യാറാകുന്നില്ലെന്ന് ചത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു.

You might also like