നിപ വൈറസ് ബാധിത മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ചാത്തമംഗലം കണ്ടെയ്ന്‍മെന്‍റ് സോണ്‍

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.
നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കണ്ടെയ്ന്‍മെന്റ് സോണായ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പന രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം അനുവദിക്കും. മരുന്ന് ഷോപ്പുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.