TOP NEWS| ഉത്തര കൊറിയന്‍ ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങള്‍ വിവരിച്ച് അമേരിക്കൻ മത സ്വാതന്ത്ര്യ കമ്മീഷൻ

0

 

പ്യോംങ്യാംഗ്: ഉത്തര കൊറിയയിലെ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്ന റിപ്പോർട്ട് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ പുറത്തുവിട്ടു. ഭരണകൂടം നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുക്കുന്ന ക്രൈസ്തവ വിശ്വാസികൾക്ക് മരണത്തെപ്പോലുമാണ് നേരിടേണ്ടിവരുന്നതെന്ന് ‘ഓർഗനൈസ്ഡ് പേസിക്യൂഷൻ- ഡോക്കുമെന്റിങ് റിലീജിയസ് ഫ്രീഡം വയലേഷൻസ് ഇൻ നോർത്ത് കൊറിയ’ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന്റെ ഉദ്ദേശം ക്രൈസ്തവരെ ഇല്ലാതാക്കുകയാണെന്നും കമ്മീഷൻ നിരീക്ഷിക്കുന്നു.

പീഡനമനുഭവിച്ചവരും, ദൃക്സാക്ഷികളും റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി സഹായിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ ദേശീയ സുരക്ഷാ മന്ത്രാലയം, ചൈന വരെ വ്യാപിച്ചുകിടക്കുന്ന ചാരന്മാരുടെ സാന്നിധ്യം, ‘നോ എക്സിറ്റ്’ ജയിലറകൾ തുടങ്ങിയവയിലൂടെയാണ് ക്രൈസ്തവരെ വേട്ടയാടുന്നത്. രാജ്യത്തെ പൗരൻമാരുടെ ചിന്താഗതി, ഇപ്പോഴത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെയും മറ്റ് മുൻ ഭരണാധികാരികളുടെ ചിന്തയ്ക്കു അനുസൃതമാക്കാൻ വേണ്ടി ഭരണകൂടം നടത്തുന്ന ശ്രമം സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നു. രാജ്യ തലസ്ഥാനമായ പ്യോംങ്യാംഗിൽ ഏതാനും ക്രൈസ്തവ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ അനുവാദം നൽകിയിട്ടുണ്ടെന്നും, എന്നാൽ അവർ തിരഞ്ഞെടുക്കുന്ന ചില ആളുകൾക്ക് മാത്രമാണ് അവിടെ ആരാധന നടത്താൻ സാധിക്കുന്നതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു.

എന്നാൽ ഇങ്ങനെ നിയമനം ലഭിച്ചവർക്കും, മറ്റു പൗരന്മാർക്കും ക്രൈസ്തവ വിശ്വാസം പിന്തുടരാൻ സർക്കാർ അനുവാദം നൽകാറില്ല. പിറന്നു വീഴുന്ന നിമിഷം മുതൽ ഉത്തരകൊറിയയിലെ ആളുകൾക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതിനിടയിൽ സിനിമകളിലും, കുട്ടികളുടെ പാഠ്യ വിഷയങ്ങളിലും മിഷ്ണറിമാരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന പദ്ധതികളും സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ ക്രൈസ്തവർ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഉത്തരകൊറിയ. 50,000 മുതൽ 80,000 വരെ ക്രൈസ്തവർ വിവിധ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

You might also like