മതപരിവർത്തന കുറ്റമാരോപിച്ച്‌ ഉത്തർ പ്രദേശിൽ ക്രിസ്തീയ യുവാവിന്‌ അറസ്റ്റ്‌

0

ഉത്തർപ്രദേശിൽ പുതുതായി നടപ്പാക്കിയ മതംമാറ്റൽ നിരോധന നിയമപ്രകാരമാണ് ക്രിസ്ത്യൻ യുവാവിനെതിരെ കേസെടുത്തത്. രോഗശമനവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് ക്രിസ്തു മതത്തിലേക്ക്‌ മാറ്റാൻ ശ്രമിച്ചുവെന്ന് അയൽവാസി നകിയ പരാതിയും കടുത്ത നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ സമരം നടത്തുകയും ചെയ്തതിനെ തുടർന്നാണ്‌ അറസ്റ്റ്‌. ഉത്തർ പ്രദേശിലെ മഹോബ ജില്ലയിലെ ആശിഷ് ജോൺ (40) ആണ് അറസ്റ്റിലായത്.

ഇദ്ദേഹത്തിന്‍റെ അയൽവാസിയായ സച്ചിൻ ദേവിനെ ക്രിസ്തു മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. സച്ചിൻ ദേവിന് സ്ഥിരമായുള്ള തലവേദന മാറാൻ ആശിഷ് ജോൺ ഒരു പാനീയം നൽകിയെന്നും ക്രിസ്തുമതം സ്വീകരിച്ചാൽ ഇത്തരം തലവേദനകളൊന്നും ഉണ്ടാകില്ലെന്ന് ആശിഷ് ജോൺ പറഞ്ഞുവെന്നും മറ്റുമാണ്‌ പരാതിയിൽ പറയുന്നത്‌. സച്ചിൻ ദേവിന് ബിസിനസ് തുടങ്ങാൻ 12000 രൂപ വാഗ്ദാനം ചെയ്യുകയും ചില പുസ്തകങ്ങൾ നൽകുകയും ചെയ്തു എന്നും ദിവസങ്ങൾക്ക് ശേഷം സച്ചിൻ ദേവിനെ ആശിഷ് ജോൺ ചർച്ചിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

ആശിഷ് ജോണിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ പൻവാഡി പൊലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയിരുന്നു. ഉത്തർ പ്രദേശിലെ നിയമവിരുദ്ധ മതം മാറ്റൽ നിരോധന നിയമത്തിലെ 3, 5 വകുപ്പുകൾ അനുസരിച്ചാണ് ആശിഷ് ജോണിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ആശിഷ് ജോണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചുവെന്ന് അഡീഷനൽ സൂപ്രന്‍റന്‍റ് ഓഫ്‌ പൊലീസ് ആർ.കെ ഗൗതം പറഞ്ഞു.

You might also like