ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് പഠനം അനിശ്ചിതത്വത്തില്‍. വിമാന സര്‍വീസ് പുനഃരാരംഭിക്കാത്തതിനാല്‍ മടങ്ങിപ്പോകാനാകാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായിരിക്കുന്നത്.
ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ 5000ല്‍ അധികം മലയാളി വിദ്യാര്‍ത്ഥികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഒന്നര വര്‍ഷത്തിലധികമായി നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസ് മറ്റ് രാജ്യങ്ങള്‍ പുനഃരാരംഭിച്ചെങ്കിലും ചൈന അതിന് വഴങ്ങിയിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് രാജ്യം. ഇതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍കൊണ്ട് മാത്രം പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും പ്രാക്ടിക്കല്‍ ക്ലാസുകള്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ വേണം. വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയോ, നാട്ടില്‍ പ്രാക്ടിക്കല്‍ ക്ലാസ് നടത്താന്‍ സൗകര്യം ഒരുക്കുകയോ ചെയ്യണമെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.