കൊവിഡ് പരിശോധന ഇനി വീട്ടിൽ സ്വയം നടത്താം; 20 മിനിറ്റിൽ ഫലം

0

മെൽബൺ: കൊവിഡ് പരിശോധന ഇനി വീട്ടിൽ സ്വയം നടത്താനുള്ള റാപിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് തെറാപ്യൂട്ടിക്ക്‌ ഗുഡ്സ്സ്‌ അഡ്മിനിസ്ട്രേഷൻ (TGA) പ്രക്യാപിച്ചു. അവസാനഘട്ട പരിശോധനകളും അനുമതിയും മാത്രമാണ് ബാക്കിയുള്ളത് എന്നും വ്യക്തമാക്കി.

വീട്ടിൽ പരിശോധന നടത്താൻ കഴിയുന്ന 70 ലധികം കിറ്റുകളുടെ അനുമതിക്കായുള്ള അപേക്ഷ ലഭിച്ചിട്ടുള്ള കാര്യം അധികൃതർ പറഞ്ഞു. ഇതിൽ 33 എണ്ണം രംഗത്തുള്ളവരുടെ മേൽനോട്ടത്തോടെ ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചവയാണ്. രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനെ ആശ്രയിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക എന്നും അധികൃതർ വ്യക്തമാക്കി.

പുതിയ പരിശോധനാ കിറ്റുകൾ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പ്രസ്താവിച്ചു.

ഓസ്‌ട്രേലിയക്കാർക്ക് മറ്റൊരു പ്രതിരോധ സംവിധാനം കൂടിയാണ് ഇത് വഴി ലഭ്യമാകുക എന്നദ്ദേഹം കൂട്ടിച്ചേർത്തു. 20 മിനിറ്റിൽ ഹോം ടെസ്റ്റിംഗ് കിറ്റുപയോഗിച്ചുള്ള പരിശോധനാ ഫലം ലഭ്യമാകും.

വീട്ടിലെ പരിശോധനാഫലങ്ങൾ പോസിറ്റീവാകുന്ന സാഹചര്യത്തിൽ അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാനങ്ങളും ടെറിറ്ററികളും ഒരുക്കേണ്ടതുണ്ട് എന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ അധികൃതർ ലഭ്യമാക്കുന്ന പിസിആർ പരിശോധനക്കായി പോകണമെന്ന് ഗ്രെഗ് ഹണ്ട് പറഞ്ഞു. ഹോം ടെസ്റ്റിംഗിൽ പോസിറ്റീവാകുന്നവർക്ക് ക്ലിനിക്കിൽ വീണ്ടും പരിശോധനക്ക് വിധേയരാകാനുള്ള നിർദ്ദേശം ലഭിക്കുമെന്ന് TGA യും പറഞ്ഞു.

You might also like