അഫ്ഗാനിസ്ഥാനിൽ രണ്ട് അക്രമസംഭവങ്ങളിൽ 9 പേർ കൊല്ലപ്പെട്ടു.
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ രണ്ട് അക്രമസംഭവങ്ങളിൽ 9 പേർ കൊല്ലപ്പെട്ടു. കാബൂളിൽ പളളിക്കു മുൻപിലെ ബോംബ് സ്ഫോടനത്തിൽ 5 പേരും ജലാലാബാദ് നഗരത്തിലെ വെടിവയ്പിൽ 4 പേരുമാണു മരിച്ചത്.
താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ പരേതയായ മാതാവിനുവേണ്ടി പ്രാർഥനകൾ നടന്ന കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ പ്രവേശനകവാടത്തിലായിരുന്നു ബോംബ് സ്ഫോടനം. പള്ളിക്കു പുറത്തുനിന്ന 5 പേരാണു മരിച്ചത്.
കഴിഞ്ഞയാഴ്ചയാണു സബീഹുല്ല മുജാഹിദിന്റെ മാതാവ് അന്തരിച്ചത്. ഇന്നലെത്തെ പ്രാർഥനാച്ചടങ്ങിലേക്ക് സമൂഹമാധ്യമങ്ങളിലൂടെ മുജാഹിദ് എല്ലാവരെയും ക്ഷണിച്ചിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.