TOP NEWS| സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്; മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ കേരളത്തിൽ മഴ കനക്കുകയാണ്. കോട്ടയം, ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായി. കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ് കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ പന്ത്രണ്ട് പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ഉം മീനച്ചിൽ താലൂക്കിൽ 13ഉം ക്യാമ്പുകൾ തുറന്നു. കോട്ടയം ജില്ലയിൽ വൈദ്യുതി വിതരണം താറുമാറായ അവസ്ഥയിലാണ്.
ഇടുക്കി കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആറ് പേർ മണ്ണിനടിയിലായി.പൂവഞ്ചിയിൽ അഞ്ച് പേരെയും മുക്കുളത്ത് ഒരാളെയുമാണ് കാണാതായത്. ഇടുക്കി പൂവഞ്ചിയിൽ നാല് വീടുകൾ ഒഴുകിപ്പോയി. പതിനേഴ് പേരെ രക്ഷപ്പെടുത്തി. കല്ലുപുരയ്ക്കൽ നസീറിന്റെ കുടുംബമാണ് മണ്ണിനടിയിൽ കുടുങ്ങിയത്.