ഭാരതത്തില്‍ 273 ദിവസങ്ങള്‍ക്കിടെ 305 ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങള്‍

0

ദില്ലി: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്നതായി വസ്തുതാപഠന റിപ്പോര്ട്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് എന്നിവ സംയുക്തമായി നടത്തിയ വസ്തുതാ പഠനത്തില്‍ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ 273 ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള 305 അക്രമസംഭവങ്ങള്‍ രാജ്യത്തുണ്ടായി. ഒരു ദിവസം ഒന്നിലേറെ ആക്രമണങ്ങള്‍ നടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വസ്തുതാ പഠന സംഘം പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ദേശീയ കോഓഡിനേറ്റര്‍ എ.സി. മൈക്കിള്‍ ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ മൗവില്‍ ഉര്‍സുലിന്‍ ഫ്രാന്സിസ്‌കന്‍ സന്യാസസഭാംഗങ്ങളായ രണ്ടു കന്യാസ്ത്രീകള്‍ക്കു നേരേയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ളവ ഇതിന്റെ തുടര്‍ച്ചയായാണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കു തങ്ങളുടെ വിശ്വാസപ്രകാരമുള്ള ആരാധന ക്രമങ്ങള്‍ പാലിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും ഉള്ളതെന്നു വസ്തുത പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നതെന്നും സംഘടനയുടെ ഹെല്പ്‍ ലൈന്‍ നമ്പറില്‍ സഹായം അഭ്യര്‍ത്ഥിച്ച് നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 69 സംഭവങ്ങളാണ് കഴിഞ്ഞ മാസം ഇത്തരത്തില്‍ റിപ്പോര്ട്ട് ചെയ്തത്.

കഴിഞ്ഞ ഒന്‍പതു മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ജാര്ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ക്രൈസ്തവര്ക്കെതിരെ 169 ആക്രമണങ്ങളുണ്ടായി. ഇക്കാലയളവില്‍ കര്‍ണ്ണാടകയില്‍ ക്രൈകസ്തവര്‍ക്ക് നേരെ 32 അക്രമസംഭവങ്ങള്‍ റിപ്പോര്ട്ട് ചെയ്തു. 1331 വനിതകള്‍ക്കും പരിക്കേറ്റു. അക്രമത്തിനിരയായവരില്‍ 588 പേര്‍ ആദിവാസി വിഭാഗത്തിലും 513 പേര്‍ ദളിത് വിഭാഗത്തിലും പെട്ടവരാണ്. ചുരുങ്ങിയ കാലയളവില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവവും രാജ്യത്തു അരങ്ങേറിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.

You might also like