കുഞ്ഞിനെ കാണാതായ സംഭവത്തില്‍ അമ്മ അനുപമ നിരാഹാരസമരത്തിലേയ്ക്ക്
തിരുവനന്തപുരം : കാണാതായ കുഞ്ഞിനെ തിരിച്ചു ലഭിക്കണമെന്ന ആവശ്യവുമായി അമ്മ അനുപമ നിരാഹാരം തുടങ്ങുന്നു. ശനിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി.പൊലീസിന്റെ അന്വേഷണത്തിലും വനിതാകമ്മീഷന്‍ നടപടിയിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരമെന്നും അവര്‍ പറഞ്ഞു. കേസെടുക്കാന്‍ വൈകിപ്പിച്ച പോലീസിനെതിരേ നടപടി ഉണ്ടാവണമെന്നും അനുപമ പറഞ്ഞു.
കുട്ടിയുടെ പിതാവായ അജിത്തുമായി പ്രണയത്തിലായതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ചിരുന്നു. ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നാണ് എസ്എഫ്‌ഐ നേതാവു കൂടിയായ അനുപമയുടെ പരാതി. മൂത്ത സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് മാറ്റിയെന്നും അനുപമ പറയുന്നു. തുടര്‍ന്ന് ഏപ്രിലില്‍ പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് നല്‍കുന്നതു വരെ എല്ലാവരും അവഗണിച്ചതായി അനുപമ കുറ്റപ്പെടുത്തുന്നു.