പെട്രോൾ- ഡീസൽ വില കുറച്ച് കർണാടക സർക്കാർ
ബെംഗളൂരു: കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്‌ച വൈകിട്ട് മുതൽ പ്രാബല്യത്തിൽ വരും.
കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇതോടെ കർണാടകയിൽ പെട്രോൾ വില 95.50 രൂപയായി. ഡീസലിന് 81.50 രൂപയാണ് വില. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസർക്കാർ എക്‌സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇന്ധനവില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു നടപടി. ഉപഭോക്‌താക്കൾക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ആനുപാതികമായി കുറയ്‌ക്കാൻ കേന്ദ്രം സംസ്‌ഥാനങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.