TOP NEWS| ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം, സ്ഥിതി കൂടുതൽ വഷളാകുന്നു: പ്രാര്‍ത്ഥനയും ഇടപെടലും തേടി എത്യോപ്യന്‍ സഭകൾ
ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ ഗവണ്‍മെന്റ് സൈന്യവും, ടൈഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വടക്കന്‍ എത്യോപ്യയിലെ സ്ഥിതിഗതികള്‍ അതീവ മോശമായികൊണ്ടിരിക്കുകയാണെന്ന്‍ അറിയിച്ചുക്കൊണ്ട് വൈദികന്റെ കത്ത്. തലസ്ഥാന നഗരമായ ആഡിസ് അബാബയില്‍ നിന്നും 240 മൈല്‍ വടക്ക് ഭാഗത്തുള്ള ടൈഗ്രേയ്ക്കു സമീപത്തുള്ള അംഹാരയിലെ കൊമ്പോള്‍ച്ച എന്ന ചെറു പട്ടണം സംഘര്‍ഷ മേഖലകളില്‍ നിന്നും പലായനം ചെയ്ത ആഭ്യന്തര അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് സഹായങ്ങളും എങ്ങനെ നല്‍കണമെന്നതാണ് ഏറ്റവും വലിയ ആശങ്കയെന്നും സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താത്ത വൈദികന്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ന് അയച്ച കത്തില്‍ പറയുന്നു.
കൊമ്പോള്‍ച്ചയില്‍ സേവനം ചെയ്തുവരികയാണ് അദ്ദേഹം. സംഘര്‍ഷം കൂടുതല്‍ അടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ആഡിസ് അബാബയില്‍ സ്വന്തക്കാരുള്ളവര്‍ തങ്ങളുടെ മക്കളേയും ഭാര്യയേയും അവരുടെ പക്കലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സെമിനാരി വിദ്യാര്‍ത്ഥികളില്‍ ചിലരെ ആഡിസ് അബാബയിലേക്ക് മാറ്റി. ഞങ്ങള്‍ ഒരുപാട് ദുരിതങ്ങള്‍ കണ്ടു. നിരവധി പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പലായനം ചെയ്യേണ്ടതായും വന്നു. ഭക്ഷണം, ശുദ്ധജലം, മരുന്നുകള്‍, താമസ സ്ഥലം എന്നിവയുടെ ആവശ്യമുണ്ട്. കോമ്പോള്‍ച്ചയില്‍ മാത്രം നാലായിരത്തോളം ആഭ്യന്തര അഭയാര്‍ത്ഥികള്‍ ഉണ്ടെന്നും അദ്ദേഹം കത്തില്‍ പങ്കുവെച്ചു.