നോർത്തേൺ അയർലന്റിന്റെ യൂത്ത് അസംബ്ലിയിൽ മലയാളി പെൺകുട്ടി; തെരെഞ്ഞടുക്കപ്പെടുന്ന പ്രഥമ ഇന്ത്യൻ വംശജ

0

ബെൽഫാസ്റ്റ് : നോർത്തേൺ അയർലന്റ് ഗവൺമെന്റ് പുതുതായി രൂപീകരിച്ച യൂത്ത് അസംബ്ലിയിലേക്ക് മലയാളി പെൺകുട്ടി തെരെഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ 90 അസംബ്ലി മണ്ഡലങ്ങളിൽ നിന്നു പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളെ നിയമ നിർമ്മാണ സഭയിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും, യുവജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്താനും നിയമപരമായി രൂപീകരിച്ച യൂത്ത് അസംബ്ലിയിലെ 90 അംഗങ്ങളിൽ ഒരാളായാണ് അപ്പർ ബാൻ മണ്ഡലത്തിൽ നിന്ന് ഹന്നാ ഏബ്രഹാം തെരെഞ്ഞടുക്കപ്പെട്ടത്. അടുത്ത രണ്ടു വർഷങ്ങളിൽ പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സമത്വം, അവകാശങ്ങൾ തുടങ്ങിയ കമ്മിറ്റികളിൽ എംഎൽഎമാരോടും മന്ത്രിമാരോടുമൊപ്പം ചേർന്നു പ്രവർത്തിക്കും.

ഡംഗാനൂൻ റോയൽ സ്കൂളിൽ എ ലെവൽ അവസാനവർഷ വിദ്യാർത്ഥിനിയായ ഹന്നാ, അടുത്ത വർഷം യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനായി ഒരുങ്ങുകയാണ്. രാഷ്ട്രീയം, സമകാലിക സംഭവങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക താത്പരയായ ഹന്നാ ഏബ്രഹാം വ്യക്തമായ അഭിപ്രായങ്ങളുമായി കാഴ്ചപ്പാടുകൾ വ്യക്തമാക്കാറുണ്ട്. പോർട്ടാഡൗണിൽ താമസിക്കുന്ന റാന്നി സ്വദേശി ഏബ്രഹാം മാത്യു (സജി), വള്ളംകുളം സ്വദേശി ബിൻസിയുടെയും രണ്ടാമത്തെ മകളാണ് ഹന്നാ. ക്രഗാവൺ ഹോസ്പിറ്റലിൽ നേഴ്സായി സേവനമനുഷ്ഠിക്കുന്ന ഫേബയാണ് ഏക സഹോദരി.

യു റ്റി ബെൽഫാസ്റ്റ് ചർച്ച് ഇന്ത്യൻ ഫെലോഷിപ് യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നതോടൊപ്പം സഭയുടെ ക്വയർ അംഗവുമായ ഹന്നാ ആത്മീയ കാര്യങ്ങളിലും സജീവമാണ്.

You might also like