ഇന്ധനവിലക്കൂടുതലിൽ കേരളം ആറാമത്; കൂടുതൽ രാജസ്ഥാനിൽ,കുറവ് ആൻഡമാനിൽ
തിരുവനന്തപുരം ∙ കേന്ദ്രഭരണ പ്രദേശങ്ങൾ അടക്കം 23 സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചതോടെ ഉയർന്ന ഇന്ധനവിലയുള്ള സംസ്ഥാനങ്ങളിൽ ആറാമതായി കേരളത്തിന്റെ സ്ഥാനം. ഇന്ധന നികുതി കുറയ്ക്കാൻ ഇതുവരെ തയാറാകാത്ത രാജസ്ഥാൻ (പെട്രോൾ 111.06 രൂപ, ഡീസൽ 95.67 രൂപ), മഹാരാഷ്ട്ര (109.98, 94.14), ആന്ധ്ര (109.46, 96.77), തെലങ്കാന (108.20, 94.62), മധ്യപ്രദേശ് (107.23, 90.87) എന്നീ സംസ്ഥാനങ്ങളാണ് കൂടിയ ഇന്ധനവിലയിൽ കേരളത്തിനു മുന്നിൽ.കേരളത്തിൽ ഇന്നലത്തെ ഇന്ധന വില പെട്രോളിന് 106.36 രൂപയും ഡീസലിന് 93.47 രൂപയും ആയിരുന്നു. രാജ്യത്ത് ഇന്ധന വില ഏറ്റവും കുറവ് ഇപ്പോൾ ആൻഡമാനിലാണ്. പെട്രോളിന് 82.96 രൂപയും ഡീസലിന് 77.13 രൂപയുമാണ് ആൻഡമാനിലെ വില. കേരളത്തെക്കാൾ യഥാക്രമം 23.40 രൂപയും 16.34 രൂപയും കുറവ്. അരുണാചൽ പ്രദേശിൽ പെട്രോളിന് 14.58 രൂപയും ഡീസലിന് 14.03 രൂപയും പുതുച്ചേരിയിലെ മാഹിയിൽ പെട്രോളിന് 13.84 രൂപയും ഡീസലിന് 12.53 രൂപയുമാണ് കേരളത്തെക്കാൾ കുറവ്.