വിദേശത്തുനിന്ന് കേരളത്തിലെത്തുന്ന എല്ലാവർക്കും ഏഴു ദിവസം ഹോം ക്വാറന്റൈൻ
തിരുവനന്തപുരം: കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റൈൻ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.