നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴെ; 581 പോയിന്റ് ഇടിവുമായി സെന്‍സെക്‌സ്; നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം
ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അനശ്ചിതത്വം തുടരുന്നു. ഇന്നും വിപണി അടച്ചത് കനത്ത നഷ്ടത്തിലാണ്. നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴേക്ക് കൂപ്പുകുത്തിയിരുന്നു. സെന്‍സെക്‌സില്‍ ഇന്ന് വിപണി അടയ്ക്കുമ്പോള്‍ 581 പോയിന്റുകളുടെ ഇടിവുണ്ടായി. ആഗോള വിപണിയില്‍ നിന്നുള്ള അശുഭകരമായ സൂചനകള്‍ തന്നെയാണ് ഇന്നും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. നിക്ഷേപകര്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഐടി, എണ്ണ, ഗ്യാസ് എന്നീ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായതാണ് സൂചികകള്‍ താഴാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികകള്‍ യഥാക്രമം 1.1 ശതമാനവും 0.7 ശതമാനവും ഇടിഞ്ഞതോടെ വിപണി സമ്മദ്ദത്തിലായി. എങ്കിലും ബാങ്കിംഗ് ഓഹരികളുടെ വിലയില്‍ വലിയ കുതിപ്പുണ്ടായത് ഇന്ന് നേട്ടമായി. ബാങ്കിംഗ് മേഖലയില്‍ ഉത്തേജനമുണ്ടായത് നേട്ടമായ പശ്ചാത്തലത്തില്‍ മറ്റ് മേഖലകളിലും സുസ്ഥിരമായ വളര്‍ച്ചയ്ക്ക് കേന്ദ്രം ഉചിതമായ നയരൂപീകരണം നടത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ നിക്ഷേപകര്‍ നടത്തിവരികയാണ്.