അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത്‌ ഇന്ത്യ ഫൈനലിൽ

0

ആന്റിഗ്വ: കളിയുടെ എല്ലാ മേഖലയിലും ഓസ്ട്രേലിയൻ യുവനിരയെ മറികടന്ന് ഇന്ത്യൻ സംഘം അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. സെമിയിൽ ഓസീസിനെ 96 റൺസിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ തുടർച്ചയായ നാലാം ഫൈനലാണിത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങി ഇന്ത്യ ഉയർത്തിയ 291 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 41.5 ഓവറിൽ 194 റൺസിന് ഓൾഔട്ടായി.

നേരത്തെ ഇന്നിങ്സിന്റെ തുടക്കത്തിൽ പതറിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഷായിക് റഷീദ് – ക്യാപ്റ്റൻ യാഷ് ദുൾ സഖ്യമാണ്. സെഞ്ചുറി നേടിയ യാഷും ആറു റൺസകലെ സെഞ്ചുറി നഷ്ടമായ റഷീദും ചേർന്ന് 204 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഓപ്പണർമാരായ ആംഗ്രിഷ് രഘുവംശി (6), ഹർനൂർ സിങ് എന്നിവർ നേരത്തെ മടങ്ങിയ ശേഷമായിരുന്നു ഇരുവരുടെയും രക്ഷാപ്രവർത്തനം. യാഷ് 110 പന്തുകൾ നേരിട്ട് ഒരു സിക്സും 10 ഫോറുമടക്കം 110 റൺസെടുത്തു. അണ്ടർ 19 ലോകകപ്പിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവും ഇതോടെ യാഷ് സ്വന്തമാക്കി. റഷീദ് 108 പന്തിൽ നിന്ന് ഒരു സിക്സും എട്ട് ഫോറുമടക്കം 94 റൺസ് സ്വന്തമാക്കി. വെറും നാല് പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 20 റൺസെടുത്ത ദിനേഷ് ബനയും ഇന്ത്യയ്ക്കായി തിളങ്ങി. രാജ്വർദ്ധൻ ഹാംഗർഗെകറാണ് (13) പുറത്തായ മറ്റൊരു താരം. നിഷാന്ത് സിന്ധു 12 റൺസോടെ പുറത്താകാതെ നിന്നു.

ഓസീസിനായി ജാക്ക് നിസ്ബെറ്റ്, വില്യം സാൽസ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

291 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസ് സംഘത്തെ ഇന്ത്യ തുടക്കത്തിലേ ഞെട്ടിച്ചു. ടിഗ്വെ വൈലി (1) രണ്ടാം ഓവറിൽ തന്നെ പുറത്ത്. തുടർന്ന് കാംബെൽ കെല്ലാവെയും (30) കോറി മില്ലറും (38) ചേർന്ന് 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 17-ാം ഓവറിൽ മില്ലറെ ആംഗ്രിഷ് രഘുവംശി പുറത്താക്കിയതോടെ ഓസീസിന്റെ തകർച്ച തുടങ്ങി. പിന്നീട് കാര്യമായ കൂട്ടുകെട്ടുകളൊന്നും സൃഷ്ടിക്കാൻ ഇന്ത്യൻ ബൗളർമാർ ഓസീസിനെ അനുവദിച്ചില്ല. 51 റൺസെടുത്ത ലാച്ച്ലാൻ ഷോയാണ് ഓസീസിന്റെ ടോപ് സ്കോറർ.

ക്യാപ്റ്റൻ കൂപ്പർ കോണോളി (3), ഇന്ത്യൻ വംശജനായ നിവേഥൻ രാധാകൃഷ്ണൻ (11), വില്യം സാൽസ്മാൻ (7), തോബിയാസ് സ്നെൽ (4), ജാക്ക് സിൻഫീൽഡ് (20), ടോം വിറ്റ്നി (19) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. 41.5 ഓവറിൽ ഓസീസ് ഇന്നിങ്സ് ഇന്ത്യ ചുരുട്ടിക്കെട്ടി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്ക് ഒസ്ത്വാൾ ഇന്ത്യയ്ക്കായി തിളങ്ങി. രവി കുമാർ, നിഷാന്ത് സിന്ധു എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

You might also like