ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂറോപ്പില്‍ നിന്ന് പിന്‍വലിക്കേണ്ടിവരുമെന്ന് മെറ്റായുടെ ഭീഷണി
ഉപഭോക്താക്കളുടെ വിവരങ്ങൾ യുഎസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും പിൻവലിക്കേണ്ടി വരുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്ഫോംസ്. നേരത്തെ ഒഴിവാക്കിയ ഒരു സ്വകാര്യത ഉടമ്പടി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്പ്യൻ യൂണിയനും യുഎസും തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് കമ്പനിയുടെ ഭീഷണി. അമേരിക്കയിലേക്ക് ഡാറ്റ കൈമാറുന്നത് സുരക്ഷിതമല്ലെന്ന ആശങ്കകൾക്കിടെ 2020 ലാണ് യുറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വിവര കൈമാറ്റ കരാർ പിൻവലിച്ചത്. ആയിരക്കണക്കിന് കമ്പനികൾ ഈ കരാറിനെ ആശ്രയിച്ചിരുന്നു.