കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം

0

ദില്ലി: ഇന്ത്യയിലെ കൊവിഡ്-19 (Covid 19) മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നും, യഥാർത്ഥ കണക്കുകളേക്കാൾ കുറച്ചു കാണിക്കുകയാണെന്നും ആരോപിച്ചുള്ള ഗവേഷണ പ്രബന്ധത്തെ ആധാരമാക്കിയുള്ള മാധ്യമങ്ങൾ വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം. കൊവിഡ്-19 മരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് സുശക്തമായ സംവിധാനം നിലവിലുള്ള ഇന്ത്യയിൽ ഇത്തരം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾക്ക് പ്രാധാന്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയിലെ കൊവിഡ്-19 മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നും, യഥാർത്ഥ കണക്കുകളേക്കാൾ കുറച്ചു കാണിക്കുകയാണെന്നും ആരോപിച്ച്, ഒരു ഗവേഷണ പ്രബന്ധത്തെ ആധാരമാക്കി ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. 2021 നവംബർ തുടക്കം വരെ 4.6 ലക്ഷം കൊവിഡ് മരണമാണ് രാജ്യത്ത് സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുമ്പോൾ, ഇതേ കാലയളവിൽ 32 ലക്ഷത്തിനും 37 ലക്ഷത്തിനും ഇടയിൽ ആളുകൾ കൊവിഡ് 19 ബാധിച്ച് മരിച്ചതായാണ് മേൽപ്പറഞ്ഞ പഠനം കണക്കാക്കുന്നത്. നേരത്തെ വ്യക്തമാക്കിയിട്ടുള്ളത് പോലെ, ഇത്തരം മാധ്യമ റിപ്പോർട്ടുകൾ, തെറ്റിദ്ധാരണാജനകവും അപൂർണ്ണവും കൃത്യതയില്ലാത്തവയുമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. വസ്‌തുതകളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ് ഇത്തരം കണക്കുകൾ.

You might also like