റെയിൽവേ പൊലീസ് ജനുവരിയിൽ പിടികൂടിയത് 4.57 കോടി രൂപയുടെ മയക്കുമരുന്ന്; മനുഷ്യക്കടത്തിൽ നിന്ന് രക്ഷപെടുത്തിയത് 1045 കുട്ടികളെ
2022 ജനുവരി മാസം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ രക്ഷിച്ചത് ആയിരത്തിലേറെ കുട്ടികളെ. 344 പെൺകുട്ടികൾ ഉൾപ്പടെ 1045 കുട്ടികളെയാണ് ആർപിഎഫ് രക്ഷിച്ചത്. ചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരയായിരുന്ന കുട്ടികളെയാണ് ആർപിഎഫ് രക്ഷപ്പെടുത്തിയത്. ഓപ്പറേഷൻ നാൻഹെ ഫാരിസ്റ്റേയുടെ ഭാഗമായാണ് റയിൽവേ ഇത്രയധികം കുട്ടികൾക്ക് പുതുജീവൻ നൽകിയത്. ഇന്ത്യയിൽ നിലവിൽ 132 ഓളം റെയിൽവേസ്‌റ്റേഷനുകളിൽ ചൈൽഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നതായി ആർപിഎഫ് ചൂണ്ടിക്കാട്ടി. ട്രെയിൻ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായുള്ള ഓപ്പറേഷൻ നാർക്കോസും വൻ വിജയകരമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മാസത്തിൽ മാത്രം 4.57 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 87 പേരും പിടിയിലായി. ലക്ഷക്കണക്കിന് രൂപ മൂല്യം വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളും മദ്യവും ഓപ്പറേഷനിലൂടെ പിടിച്ചെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു.