വീണ്ടും റഷ്യന്‍ പ്രകോപനം; സ്വതന്ത്ര പ്രവശ്യകളായി പ്രഖ്യാപിച്ച മേഖലയുടെ അതിര്‍ത്തി കടന്നതായി സൂചന
യുക്രൈനില്‍ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച മേഖലകളില്‍ പ്രവേശിച്ച് റഷ്യന്‍ സേന. സമാധാന നീക്കങ്ങള്‍ക്ക് റഷ്യ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും യുക്രൈന്റെ പരമാധികാരത്തെ മാനിക്കുന്നില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി ആരോപിച്ചു. അധിനിവേശ ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ റഷ്യ വലിയ വിലകൊടുക്കേണ്ടിവരുമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് വീണ്ടും പ്രകോപനമെന്നതാണ് ഏറെ ശ്രദ്ധേയം. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ സേന അതിര്‍ത്തി കടന്നതിന്റെ സൂചനകള്‍ ലഭിക്കുന്നത്. അമേരിക്കേന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സെലന്‍സ്‌കിയെ ഇന്ന് വിളിച്ച് യുക്രൈന്‍ പരമാധികാരം സംരക്ഷിക്കുമെന്ന് വീണ്ടും ഉറപ്പുകൊടുത്തിട്ടുണ്ട്. വീണ്ടും പ്രകോപനമുണ്ടായ പശ്ചാത്തലത്തില്‍ ഉപരോധത്തിനുള്ള നടപടികളുമായി ബ്രിട്ടനും മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ പ്രകോപനത്തില്‍ ലോകരാജ്യങ്ങള്‍ ആശങ്കയറിയിച്ചിട്ടുണ്ട്. നോണ്‍സെന്‍സ് എന്നാണ് പുതിയ നടപടിയോട് ബൈഡന്‍ പ്രതികരിച്ചത്. 2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേശങ്ങളാണ് ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനമെടുത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്.