ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ; നാളെ പുലര്‍ച്ചെ രണ്ട് വിമാനങ്ങള്‍ പുറപ്പെടും

0



ദില്ലി: റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ നാളെ പുലര്‍ച്ചെ രണ്ട് വിമാനങ്ങള്‍ പുറപ്പെടും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്ന് മടങ്ങുവാനുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ എല്ലാവരും നിലവിലെ കേന്ദ്രങ്ങളില്‍ ക്ഷമയോടെ തുടരണമെന്നും ആരും പേടിക്കേണ്ടതില്ലെന്നുമാണ് പാര്‍ത്ഥാ സത്പതി അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാറ്റോയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. റഷ്യന്‍ സേന യുക്രൈന്‍ തലസ്ഥാനമായ കീവിന് 20 കിലോമീറ്റര്‍ അകലെ വരെ എത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പുലര്‍ച്ചെ നാല് മണി മുതല്‍ യുക്രൈന്റെ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ആക്രമണം നടന്നതായി യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജനവാസ മേഖലകള്‍ ആക്രമിക്കില്ലെന്ന വാക്ക് റഷ്യ തെറ്റിച്ചെന്നും വ്‌ളാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.

You might also like