വേഗം രക്ഷപ്പെടാൻ യു.എസ്, എങ്ങോട്ടുമില്ലെന്ന് സെലൻസ്‌കി; കിയവിൽ ഉഗ്രപോരാട്ടം തുടരുമ്പോഴും കീഴടങ്ങാതെ യുക്രൈന്‍ പ്രസിഡന്‍റ്
രാജ്യംവിടാനുള്ള യു.എസ് ഉപദേശം തള്ളി യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി. രാജ്യംവിടാൻ സഹായിക്കാമെന്ന യു.എസ് വാഗ്ദാനം അദ്ദേഹം നിരസിച്ചു. ഇപ്പോൾ പടക്കോപ്പുകളാണ് തനിക്ക് വേണ്ടതെന്നും യാത്രയല്ലെന്നും സെലൻസ്‌കി പ്രതികരിച്ചു. അതിനിടെ, തലസ്ഥാനനഗരമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍നീക്കത്തിന് യുക്രൈന്‍ ശക്തമായി തിരിച്ചടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ”യുദ്ധം നടക്കുന്നത് ഇവിടെയാണ്. എനിക്ക് പടക്കോപ്പുകളാണ് ഇപ്പോൾ വേണ്ടത്, യാത്രയല്ല..” സെലൻസ്‌കി പറഞ്ഞതായി അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സെലൻസ്‌കിയെ സുരക്ഷിതമായി നാടുവിടാൻ സഹായിക്കാൻ ആവശ്യമായ നടപടികൾ യു.എസ് പൂർത്തീകരിച്ചിരുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.