ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു-വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കൻ തീരത്തേയ്ക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദ്ദം വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു.