മെലിറ്റോപോള്‍ മേയറെ തടവിലാക്കിയ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം
യുക്രൈനിലെ മെലിറ്റോപോള്‍ മേയറെ തടവിലാക്കിയ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം. മെലിറ്റോപോള്‍ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയര്‍ ഇവാന്‍ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ നഗരത്തില്‍ റഷ്യ പുതിയ മേയറെ നിയമിക്കുകയും ചെയ്തു. റഷ്യ ഭീകരതയുടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. തെക്ക്-കിഴക്കന്‍ യുക്രൈനിലെ മെലിറ്റോപോള്‍ നഗരം റഷ്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ്.സിറ്റി കൗണ്‍സില്‍ അംഗമായ ഗലീന ഡാനില്‍ചെങ്കോയാണ് മെലിറ്റോപോളിലെ പുതിയ മേയറെന്ന് സാപ്രോഷ്യ റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാല്‍ ഗലീന ഡാനില്‍ചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.