നാലുപേർ ഒരു മണിക്കൂർ പത്തടി താഴെ മണ്ണിനടിയിൽ, രണ്ടുപേരുടെ തല മാത്രം പുറത്ത്; കളമശ്ശേരിയിൽ കണ്ണീർക്കാഴ്ച
എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അതിഥി തൊഴിലാളികളായ നാലുപേർ മണ്ണിനടിയിൽ കിടന്നത് ഒരു മണിക്കൂർ. കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം നടന്നത്. പത്തോളം അടി താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടന്നിരുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്താനെത്തിയെങ്കിലും യന്ത്രസഹായം പൂർണമായി ഉപയോഗിക്കാൻ നിവൃത്തിയില്ലായിരുന്നു. മണ്ണിനടിയിൽ പെട്ടവരെ ജീവനോടെ പുറത്തെടുക്കാനായിരുന്നു ശ്രമം. തല മണ്ണിനടിയിൽപ്പെടാതിരുന്ന രണ്ടുപേരെ ആദ്യം തന്നെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടർന്നു. പത്തു അഗ്നിശമന സേനാ വാഹനങ്ങളിലെ ജീവനക്കാരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ഒരു മെയ്യോടെ പ്രവർത്തിച്ചു.