29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ നൽകി ഓസ്‌ട്രേലിയ
ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നടത്തുന്ന വെർച്വൽ ഉച്ചകോടിക്ക് മുന്നോടിയായി 29 പുരാവസ്തുക്കൾ ഇന്ത്യക്ക് കൈമാറി ഓസ്‌ട്രേലിയ. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ പുരാവസ്തുക്കൾ തിരിച്ചുപിടിക്കുന്നതിന് ഈ ശ്രമങ്ങൾ തുടക്കമിടുമെന്നാണ് കരുതുന്നത്.
മഹാശിവ, മഹാവിഷ്ണുവും വിവിധ രൂപങ്ങളും, ജൈന പാരമ്പര്യങ്ങൾ, ഛായാചിത്രങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയ വിവിധ പുരാവസ്തുക്കളെ ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. ഒമ്പത്, പത്ത് നുറ്റാണ്ടുകളിലെ പുരാവസ്തുക്കൾ വരെ കൈമാറിയവയിലുണ്ട്.
ചരൽക്കല്ല്, മാർബിൾ, വെങ്കലം, പിച്ചള തുടങ്ങിയവ ഉപയോഗിച്ചാണ് പ്രധാനമായും ഈ പുരാവസ്തുക്കൾ നിർമ്മിച്ചിരിക്കുന്നത്. ശിൽപങ്ങളും പെയിന്റിംഗുകളും ഉൾപ്പെടുന്ന ഇവ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിർമ്മിക്കപ്പെട്ടവയാണ്. ഓസ്‌ട്രേലിയ തിരിച്ചുനൽകിയ പുരാവസ്തുക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു.