‘ഇരട്ടയടി’; വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോയുടെ സിലണ്ടറിന് 13 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 956 രൂപ എന്ന നിലയിലെത്തി. ഇന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിവ വര്‍ധിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് ഒന്നിന് വില പുതുക്കി നിര്‍ണയിച്ചപ്പോള്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 104-105 രൂപ വരെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിലവില്‍ 2009 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. 138 ദിനങ്ങള്‍ക്കിപ്പുറമായിരുന്നു രാജ്യത്ത് ഇന്ധന വില കൂട്ടിയത്. ഡീസല്‍ വില ലിറ്ററിന് 85 പൈസയും പെട്രോളിന് 88 പൈസയുമാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ നാലിനായിരുന്നു അവസാനമായി വില കൂട്ടിയത്. കോഴിക്കോട് ഡീസല്‍ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില.