ഇന്ത്യൻ യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് ഓസ്ട്രേലിയയിൽ അംഗീകാരം നൽകാൻ പദ്ധതി
ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്പര സഹകരണവും അംഗീകാരവും ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കർമ്മസമിതി രൂപീകരിക്കുമെന്ന് സ്കോട്ട് മോറിസൻ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്നതിന് പുറമേ, ഇരു രാജ്യങ്ങളിലും നിന്നുള്ള ഓൺലൈൻ പഠനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും, സംയുക്ത ബിരുദങ്ങളും, ഓഫ്ഷോർ ക്യാംപസുകളും വർദ്ധിപ്പിക്കുന്നതും ഈ കർമ്മസമിതി പരിശോധിക്കും.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെട്ട് ടാസ്ക് ഫോഴ്സ് ഇതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കുമെന്ന് ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി സ്റ്റുവർട്ട് റോബർട്ട് അറിയിച്ചു.
യോഗ്യതകൾ പരസ്പരം അംഗീകരിച്ചുകഴിഞ്ഞാൽ ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഓസ്ട്രേലിയയിൽ തൊഴിൽ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാകും.
നിലവിൽ ഇന്ത്യയിൽ നഴ്സിംഗ് ബിരുദം പൂർത്തിയാക്കുന്ന ഒരാൾക്ക് ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ കൂടുതൽ പരീക്ഷകൾ വിജയിക്കണം.
ഇന്ത്യയിലെ നഴ്സിംഗ് ബിരുദം ഓസ്ട്രേലിയൻ യോഗ്യതകൾക്ക് തത്തുല്യമായി കണക്കാക്കിയിട്ടില്ലാത്തതിനാലാണ് ഇത്. ഇന്ത്യയിലെ നഴ്സിംഗ് ബിരുദത്തിന് തുല്യ അംഗീകാരം ലഭിക്കുകയാണെങ്കിൽ, പ്രത്യേക പരീക്ഷകൾ ഇല്ലാതെ തന്നെ ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ നേടാൻ സാധിക്കും.
എന്നാൽ, നഴ്സിംഗ് ബിരുദം ഉൾപ്പെടെയുള്ളവ പരസ്പര അംഗീകാരത്തിനുള്ള പട്ടികയിൽ ഉൾപ്പെടുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. കർമ്മസമിതിയുടെ വിലയിരുത്തലിനു ശേഷമാകും ഏതൊക്കെ വിദ്യാഭ്യാസ യോഗ്യതകളാണ് അംഗീകരിക്കുന്നത് എന്ന് വ്യക്തമാകുക.
ഇന്ത്യൻ ബിരുദങ്ങൾക്ക് തുല്യ അംഗീകാരം ലഭിക്കാത്തതു കാരണം ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന നിരവധി പേർ മറ്റു ജോലികളിലേക്ക് തിരിയുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനും, പഠനം പൂർത്തിയാക്കിയ മേഖലകളിൽ തന്നെ ജോലി കണ്ടെത്താനും പുതിയ മാറ്റം സഹായകമാകും. നിലവിൽ 7.22 ലക്ഷത്തോളം ഇന്ത്യൻ വംശജർ ഓസ്ട്രേലിയയിൽ ഉണ്ടെന്നാണ് കണക്കുകൾ.
ഈ വർഷം പകുതിയോടെ അത് എട്ടു ലക്ഷമായി ഉയരും. ഇന്ത്യൻ കുടിയേറ്റം ഇത്രയും വർദ്ധിക്കുന്നത് കൂടി കണക്കിലെടുത്താണ് രണ്ടു സർക്കാരുകളുടെയും തീരുമാനം. ഇതോടൊപ്പം, ഓസ്ട്രേലിയയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും അംഗീകാരം ലഭിക്കും. പഠനം പൂർത്തിയാക്കി തിരിച്ചുപോകുന്നവർക്ക് ഇന്ത്യയിൽ സർക്കാർ ജോലികൾക്ക് ഉൾപ്പെടെ അപേക്ഷിക്കാനും ഇതിലൂടെ കഴിയും.
ഈ വർഷം അവസാനത്തോടെ തന്നെ കർമ്മസമിതി റിപ്പോർട്ട് നൽകുമെന്നും, യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്ന നടപടി 2023ൽ തുടങ്ങുമെന്നും മന്ത്രി സ്റ്റുവർട്ട് റോബർട്ട് അറിയിച്ചു. ഓസ്ട്രേലിയൻ സമൂഹത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള പ്രാധാന്യം ആവർത്തിച്ച് അംഗീകരിക്കുന്നതാണ് ഈ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടത്തിയ ഓൺലൈൻ ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനമുണ്ടായത്.